മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതിയെന്ന് മുസ്ലീം ലീഗ്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍, തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണെന്ന് പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബഷീർ പറഞ്ഞു.
വന്ദേ ഭാരത് എക്സ്പ്രസ് രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീർ പറയുന്നു.
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്ന കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഉദ്ഘാടന ദിവസം സ്റ്റോപ്പുകൾ ഉണ്ടാകും. നേരത്തെ എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉണ്ടായിരുന്നത്. ഇതിന് പുറമേ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഷൊർണൂരിലും സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Discussion about this post