തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചന നൽകി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ടിപിആർ20 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. 35 ശതമാനമാണ് 19ന് അവസാനിച്ച ആഴ്ചയിൽ എറണാകുളം ജില്ലയിലെ ടിപിആർ.
ടിപിആർ 5 ശതമാനത്തിൽ താഴെ ആണെങ്കിൽ മാത്രമേ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം സ്ഥിതി നിയന്ത്രണ വിധേയമാണ് എന്ന് പറയാൻ സാധിക്കൂ. എന്നാൽ കേരളത്തിൽ ടിപിആർ ഏറ്റവും കുറഞ്ഞ ആലപ്പുഴയിൽ പോലും 20 ശതമാനമാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഈ സാഹചര്യം സാമൂഹിക വ്യാപനത്തിന്റെ പരിധിയിൽ വരുന്നതാണ്.
രാജ്യത്ത് പൊതുവിൽ ടിപിആർ 5.5 ശതമാനം ആണെന്നിരിക്കെയാണ് കേരളത്തിൽ ഈ വർദ്ധന. ടിപിആറിൽ ഡൽഹിയാണ് രാജ്യത്ത് ഒന്നാമത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. കഴിഞ്ഞ മാസത്തിലെ 5 ശതമാനം ടിപിആറിൽ നിന്നാണ് കേരളത്തിൽ ഈ കുതിച്ചുകയറ്റം.
അതേസമയം, കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്ന് വ്യക്തമാക്കി ജാഗ്രതയും മുൻകരുതൽ നടപടികളും വർദ്ധിപ്പിക്കണം എന്ന് കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിന് കത്തയച്ചിരുന്നു.
Discussion about this post