തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള നിരത്തുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുമായി ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ കൈ കഴുകി മന്ത്രി ആന്റണി രാജു. കെൽട്രോൺ ആണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണത്തിൽ മറുപടി പറയേണ്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം.
കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
എഐ ക്യാമറ പദ്ധതിയിൽ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. കെൽട്രോൺ സ്വകാര്യ കമ്പനിയായ എസ് ആർ ഐ ടിയെ കണ്ടെത്തിയത് എങ്ങനെയാണ്? എസ് ആർ ഐ ടിക്ക് ട്രാഫിക് രംഗത്ത് മുൻ പരിചയമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഈ കമ്പനിക്ക് കരാർ നൽകിയതെന്ന് അദ്ദേഹം ആരാഞ്ഞു.
Discussion about this post