തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ പൂർണ ചുമതല എസ്പിജിയ്ക്കും ഐബിയ്ക്കും. പ്രധാനമന്ത്രിയ്ക്കായി തയ്യാറാക്കിയ സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിലാണ് സുരക്ഷയിൽ നിന്നും കേരള പോലീസിനെ മാറ്റി നിർത്താൻ തീരുമാനിച്ചത്. ജനക്കൂട്ട നിയന്ത്രം, വാഹന നിയന്ത്രണം തുടങ്ങിയ ജോലികൾ മാത്രമാണ് നിലവിൽ പോലീസിനെ ഏൽപ്പിച്ചിട്ടുള്ളത്.
സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിൽ എസ്പിജിയും ഐബിയും ചേർന്ന് ബി പ്ലാൻ തയ്യാറാക്കും. അവസാന നിമിഷം മാത്രമാകും ഇത് പോലീസിന് കൈമാറുക. നേരത്തെ തയ്യാറാക്കിയ സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിലാണ് നേരത്തെ കൈമാറേണ്ടെന്നുള്ള അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രി എത്തുന്ന തിരുവനന്തപുരത്തും കൊച്ചിയിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നിലവിൽ എസ്പിജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിൽ എത്തിയിട്ടുണ്ട്. ഉടനെ കൂടുതൽ എസ്പിജി, ഐബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ കേരളത്തിൽ എത്തുമെന്നാണ് വിവരം. വൈകീട്ടോടെ ഇരു നഗരങ്ങളും പൂർണമായും സുരക്ഷാ വലയത്തിലാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേസമയം സുരക്ഷാ പ്ലാൻ ചോർന്ന സംഭവത്തിൽ പോലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് നേരത്തെ തന്നെ കേന്ദ്രത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരിൽ നിന്നാണ് സുരക്ഷാ പ്ലാൻ ചോർന്നത് എന്നാണ് സൂചന.
Discussion about this post