കൊച്ചി: മലങ്കര വർഗീസ് വധക്കേസിലെ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വർഷത്തിന് ശേഷമാണ് മലങ്കര വർഗീസ് വധക്കേസിൽ കോടതി വിധി പറഞ്ഞത്. കേസിൽ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ.വർഗീസ് തെക്കേക്കര ആയിരുന്നു കേസിലെ ഒന്നാം പ്രതി.
ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന ടി എം വർഗീസ് 2002 ഡിസംബർ 5നാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂരിനടുത്ത് എംസി റോഡിലുള്ള വർക്ക്ഷോപ്പിൽ കാറിന്റെ അറ്റകുറ്റപ്പണിക്കായി ഇറങ്ങിയപ്പോൾ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ അക്രമികൾ വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു എന്നായിരുന്നു പോലീസ് കേസ്. ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ സഭാ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.
പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ വികാരി ആയിരുന്ന ഫാ. വർഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒൻപത് വകുപ്പുകൾ ഫാ. വർഗീസിനെതിരെ ചുമത്തിയിരുന്നു. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾക്കിടയിൽ നിലനിന്ന സംഘർഷവും കുടിപ്പകയുമാണ് ഓർത്തഡോക്സ് വിഭാഗക്കാരനായ മലങ്കര വർഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് സിബിഐ കണ്ടെത്തിയത്.
Discussion about this post