ആലപ്പുഴ: മാന്നാറിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ എത്തി പരിശോധന നടത്തുകയായിരുന്നു.
ചെടിച്ചട്ടിയിൽ തൈവച്ച് വീടിന് പുറകിലാണ് ഇയാൾ രഹസ്യമായി സൂക്ഷിച്ചിരുന്നത്. തഴച്ചു വളരാൻ വെള്ളവും വളവും നൽകിവന്നിരുന്നു. അടുപ്പക്കാരായ ചിലർക്ക് യുവാവ് ഇത് നൽകിവരുന്നുണ്ടെന്നാണ് സൂചന. പ്രദേശവാസികളിൽ നിന്നാണ് പോലീസിന് കഞ്ചാവ് ചെടിയെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചത്. വീട്ടിൽ നിന്നും കണ്ടെടുത്ത ചെടിയ്ക്ക് ഏകദേശം ഒന്നര മീറ്റർ നീളം വരുമെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. മാന്നാർ എസ്എച്ച് ഒ ജോയ് മാത്യുവിന്റെ സംഘമായിരുന്നു പരിശോധന നടത്തിയത്. എസ്‌ഐമാരായ സിഎസ് അഭിറാം, ശ്രീകുമാർ, സുരേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Discussion about this post