എറണാകുളം: കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ. വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. കസവ് മുണ്ടും ജുബ്ബയും ധരിച്ച് കേരളീയ തനിമയിലാണ് പ്രധാനമന്ത്രിയുടെ ആഗമനം.
യുവം പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്. വേദിയിലേക്ക് പ്രധാനമന്ത്രി റോഡ് ഷോയായാണ് പോകുന്നത്. കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല വരവേൽപ്പാണ് ജനങ്ങൾ നൽകിയത്.
തേവര എസ് എച്ച് കോളേജ് മൈതാനിയിലാണ് യുവം പരിപാടിയ്ക്കായി വേദിയൊരുക്കിയിരിക്കുന്നത്. വെണ്ടുരുത്തി പാലം മുതലാണ് ഇവിടംവരെയുളള പ്രധാനമന്ത്രിയുടെ റോഡ് ഷോ. വാഹനത്തിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ കെെവീശി അഭിവാദ്യം ചെയ്യുന്നത്. ലക്ഷക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ വഴിയരികിൽ തടിച്ച് കൂടിയിരിക്കുന്നത്. ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് മേൽ പുഷ്പവൃഷ്ടിയും നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ നടത്തുന്ന ആദ്യത്തെ റോഡ് ഷോയാണ് ഇത്.
വെണ്ടുരുത്തിയിൽ നിന്നും ഒന്നര കിലോമീറ്ററിലധികം ദൂരമാണ് കോളേജിലേക്ക് ഉള്ളത്. വാഹനത്തിലാണ് പ്രധാനമന്ത്രി ആദ്യം റോഡ് ഷോ ആരംഭിച്ചത് എങ്കിലും ആരാധകരുടെ ആവേശം കണ്ടതോടെ വാഹനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
Discussion about this post