തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിയായ അടിവസ്ത്രത്തിന് രൂപമാറ്റം വരുത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ നടപടി ആരംഭിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് നടപടികൾ ആരംഭിച്ചത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയതിൽ ആന്റണി രാജുവിന്റെ പങ്ക് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്.
നേരത്തെ ഈ കേസിൽ ഹൈക്കോടതിയിൽ ആന്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു. കേസ് എടുത്തതിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം തള്ളിയത് എന്നും കോടതിയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാമെന്നും ഹെെകോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രജിസ്ട്രാർ നിർദ്ദേശം നൽകിയത്.
അഭിഭാഷകനായിരിക്കേ വിദേശി പ്രതിയായ ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം ആന്റണി രാജുവും തൊണ്ടി ക്ലാർക്കായ ജോസും ചേർന്ന് വെട്ടി ചെറുതാക്കി എന്നാണ് കേസ്. തിരുവനന്തപുരം സിജെഎം കോടതിയിലായിരുന്നു തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നത്. കേസ് പരിഗണിക്കുന്ന വേളയിൽ തൊണ്ടിമുതൽ പരിശോധിച്ചപ്പോഴാണ് കള്ളക്കളി വ്യക്തമായത്. ഇതോടെ കേസ് എടുക്കുകയായിരുന്നു. 1994 ലായിരുന്നു കേസ് എടുത്തത്.
Discussion about this post