തിരുവനന്തപുരം: വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നേരിട്ട് എത്തിച്ചേർന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള-കേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ പുതിയ റെയിൽവേ ലൈനുകൾ, പുതിയ സിഗ്‌നൽ സംവിധാനങ്ങൾ, സ്റ്റേഷനുകളുടെ വികസനം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദിയറിയിച്ച മുഖ്യമന്ത്രി, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേളത്തെ മാറ്റും. ശാസ്ത്ര സാങ്കേതിക വിവര സാങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ദ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്. ഇന്ത്യയ്ക്കാകെ പദ്ധതി അഭിമാനകരമാണ്. 1500 കോടി രൂപ ചെലവിലാണ് ഡിജിറ്റൽ പാർക്ക് യാഥാർത്ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജലമെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. ഇതിൽ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉൾപ്പെടുന്നു. തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ 366.83 കിലോമീറ്റർ വേഗം കൂട്ടാൻ ട്രാക്ക് ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
Discussion about this post