തൊടുപുഴ: പോലീസ് സ്‌റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ പണം പോലീസ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ഒട്ടേറെ നടപടികൾ നേരിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് സഹപ്രവർത്തകർ പരാതിക്കൊരുങ്ങിയത്. ഇടുക്കി ജില്ലയിൽ ഹൈറേഞ്ചിലുള്ള ഒരു പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം ഇവിടെ മെസ്സിലാണ് ഉണ്ടാക്കുന്നത്. എല്ലാ മാസവും ഭക്ഷണത്തിന് ആവശ്യമായ പണം പോലീസുകാർ പിരിച്ച് നടത്തിപ്പുകാരനായ ഉദ്യോഗസ്ഥന് നൽകുന്നതാണ് പതിവ്.
മീൻ വാങ്ങാനായി നൽകിയിരുന്ന പണം കഴിഞ്ഞ ആറ് മാസമായി പോലീസുകാരൻ മീൻ കച്ചവടക്കാരന് കൊടുത്തിരുന്നില്ല. മീൻ കച്ചവടം നടത്തുന്നയാൾ മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 32,000 രൂപയാണ് മീൻ കച്ചവടക്കാരന് നൽകാൻ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ 16,000 രൂപയോളം കച്ചവടക്കാരന് നൽകി വിഷയം തണുപ്പിക്കാൻ ശ്രമിച്ചു. എസ്.ഐക്ക് നൽകാനെന്ന പേരിൽ പണപ്പിരിവ് നടത്തിയതിന് നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥൻ തന്നെയാണ് മീൻ വാങ്ങൽ കേസിലും തട്ടിപ്പ് നടത്തിയത്.
Discussion about this post