എറണാകുളം: ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിന് പിന്നാലെ അരവണയുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഒരിക്കൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ അരവണ വീണ്ടും പരിശോധിക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നും കോടതിയുടെ അഭിപ്രായം.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുൻപാകെയാണ് ദേവസ്വം ബോർഡ് ആവശ്യം ഉന്നയിച്ചത്. അരവണ വീണ്ടും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കീഴിലുള്ള ഏതെങ്കിലും ലാബിൽ പരിശോധനയ്ക്കയക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ആവശ്യത്തിൽ കഴമ്പില്ലെന്ന് ആയിരുന്നു കോടതിയുടെ നിരീക്ഷണം.
മാരക കീടനാശിനിയുടെ സാന്നിദ്ധ്യമായിരുന്നു ഏലക്കയിൽ കണ്ടെത്തിയത്. തുടർന്ന് അരവണയുടെ വിൽപ്പന ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. വിൽപ്പന തടയരുതെന്നും ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമാന ആവശ്യം ചൂണ്ടിക്കാട്ടി ഏലക്ക കരാറുകാരനും കോടതിയിൽ ഹർജി നൽകിയിരുന്നു.
2011-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു ഹൈക്കോടതി വിൽപ്പന നിരോധിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 6,65,159 കാൻ അരവണ ഗോഡൗണിൽ നശിപ്പിക്കാനായി സൂക്ഷിച്ചിരിക്കയാണ്. ഇതു നശിപ്പിക്കുന്നതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിശദീകരണം നൽകാനും ഹൈക്കോടതി നിർദ്ദേശമുണ്ട്.
Discussion about this post