പാലക്കാട്: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് എംപി വി.കെ ശ്രീകണ്ഠൻ. പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. തനിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.
വന്ദേഭാരത് എക്പ്രസിൽ പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരെ താൻ താക്കീത് ചെയ്യും. തന്റെയോ മറ്റ് നേതാക്കളുടെയോ അറിവോടെയല്ല പോസ്റ്റർ ഒട്ടിച്ചത്. സെൽഫി എടുക്കുന്നതിന് വേണ്ടിയാണ് അവർ പോസ്റ്റർ ഒട്ടിച്ചത്. ഇതിന് പശ ഉപയോഗിച്ചിരുന്നില്ല. മഴവെള്ളത്തിലാണ് പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണെന്നും എംപി പ്രതികരിച്ചു.
പോസ്റ്ററുകൾ അപ്പോൾ തന്നെ ആർപിഎഫ് നീക്കം ചെയ്തിരുന്നു. എന്നാൽ പോസ്റ്ററിന്റെ പേരിൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. വ്യാപക സൈബർ ആക്രമണമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. സംഭവം ആർപിഎഫ് അന്വേഷിക്കട്ടെ. സത്യാവസ്ഥയെന്തെന്ന് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തിയ വന്ദേഭാരത് എക്‌സ്പ്രസിൽ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ ഇടപെട്ട ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്ററുകൾ. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശ്രീകണ്ഠനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് എംപി പ്രതികരിച്ചത്.
അതേസമയം സംഭവത്തിൽ യുവമോർച്ച പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു.
Discussion about this post