തിരുവനന്തപുരം: തൈക്കാട് യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം സ്‌ക്രൂഡ്രൈവറും സർജിക്കൽ ബ്ലെയ്ഡും കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നിസാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ചായ കുടിയ്ക്കാനായി സമീപത്തെ കടയിലേക്ക് പോയതായിരുന്നു നിസാം. ഇതിനിടെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞ് നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുകളും ഉണ്ടാക്കി.
ബഹളം കേട്ട് അതുവഴി പോയവരാണ് നിസാമിനെ ആശുപത്രിയിലാക്കിയത്. നിസാമിന്റെ നെഞ്ച്, തോള്, കഴുത്ത്, പുറം എന്നിവിടങ്ങളിലായാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മെച്ചിറ ഭാഗത്തുവച്ചും നിമാസിന് മർദ്ദനം ഏറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയായിരുന്നു വീണ്ടും ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post