ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടി നവ്യ നായർ. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുവം 2023 എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നവ്യ നായർ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്ക് പേജിലുമെല്ലാം നവ്യയ്‌ക്കെതിരെ കടുത്ത പരിഹാസ കമന്റുകളാണ് ഉയർന്നത്. പിന്നാലെയാണ് വിമർശകർക്കുള്ള മറുപടിയുമായി നവ്യ രംഗത്തെത്തിയത്.
നവ്യ നായരുടെ പേരിൽ വലിയ രീതിയിൽ വ്യാജ വാർത്തകളും ഇക്കൂട്ടർ പ്രചരിപ്പിച്ചു. ” അപർണ്ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നും ഇന്നും തന്റേത് ഇടത് രാഷ്ട്രീയം” എന്ന് നവ്യ പറഞ്ഞുവെന്ന രീതിയിൽ ഒരു വാർത്താ ചാനലിന്റെ സ്‌ക്രീൻ ഷോട്ടും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഈ ചാനൽ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി എത്തുന്നതിന് മുൻപായി യുവം വേദിയിൽ നവ്യയുടെ നൃത്തസന്ധ്യയും അരങ്ങേറിയിരുന്നു. സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അപർണ ബാലമുരളി, ഗായകൻ ഹരിശങ്കർ തുടങ്ങിയവരും യുവം വേദിയിൽ ഉണ്ടായിരുന്നു.
Discussion about this post