ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീത ഗോപിയാണ് കേസ് മറ്റൊരു ബഞ്ചിന് കൈമാറണമെന്ന് കോടതി രജിസ്ട്രി മുഖേന ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചത്.
പുതിയ ബെഞ്ചിന് കേസ് കൈമാറൻ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും എടുക്കും എന്നാണ് സൂചന. പിന്നാക്ക സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ തനിക്കെതിരായ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കഴിഞ്ഞ ദിവസമാണ് കീഴ്ക്കോടതി തള്ളിയത്. ഇതിനെ തുടർന്നായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
അപകീർത്തി കേസിൽ രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദായിരുന്നു. ശിക്ഷ റദ്ദാക്കപ്പെട്ടില്ലെങ്കിൽ അടുത്ത എട്ട് വർഷത്തേക്ക് രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിന് ആധാരമായ അപകീർത്തികരമായ പരാമർശം രാഹുൽ നടത്തിയത്. എല്ലാ കള്ളന്മാരും എന്തുകൊണ്ടാണ് മോദിമാർ ആകുന്നത് എന്നായിരുന്നു രാഹുൽ ചോദിച്ചത്.
Discussion about this post