നടൻ ഷെയ്ൻ നിഗമിന്റെ വിലക്കിന് ഇടയാക്കിയ കത്ത് പുറത്ത്. ഷെയ്ൻ നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ആർഡിഎക്‌സ് എന്ന സിനിമയുടെ എഡിറ്റിംഗ് തന്നേയും അമ്മയേയും കാണിക്കണം. മാർക്കറ്റിംഗിലും ബ്രാൻഡിംഗിലും തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ ഷെയ്ൻ പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ ഷെയ്‌നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് പല തവണ തടസ്സപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്ന് വ്യക്തമാക്കുന്ന സോഫിയ പോളിന്റെ കത്തും പുറത്ത് വന്നു.
വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്നില്ലെന്നും, അതിനാൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്നും ഷെയ്ൻ ആവശ്യപ്പെടുന്നു. ടീസർ ഇറങ്ങുമ്പോഴും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണം. സിനിമയുടെ പ്രമോഷൻ കാണുമ്പോൾ താനാണ് നായകനെന്ന് ജനങ്ങൾ മനസിലാക്കണം. സിനിമയുടെ എഡിറ്റിംഗ് പൂർത്തിയാകുമ്പോൾ അതിലും തനിക്കായിരിക്കണം പ്രാധാന്യമെന്നും ഷെയ്ൻ ആവശ്യപ്പെടുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവെന്ന് കാട്ടി നിർമ്മാതാവ് സോഫിയ പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഷെയ്‌നെതിരെ നടപടി എടുക്കുന്നത്. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്‌സ്.
Discussion about this post