തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കരമന സ്വദേശിയ്ക്കും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയ്ക്കുമെതിരെയാണ് കേസ് എടുത്തത്. കുഞ്ഞിന്റെ അമ്മയെയും പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു തമ്പാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ ബാലനീതി വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് പണത്തിനായി കുഞ്ഞിനെ വിറ്റ സംഭവം പുറത്തറിയുന്നത്. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോൾ തന്നെ വിൽപ്പന സംബന്ധിച്ച് ധാരണയായിരുന്നുവെന്നാണ് തെളിവുകളിൽ നിന്നും വ്യക്തമാക്കുന്നത്. ഏഴാം മാസത്തിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ കുഞ്ഞിന്റെ അമ്മ ഇവിടെ നൽകിയത് കരമന സ്വദേശിയുടെ വിലാസമാണ്. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തേണ്ടതുണ്ട്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post