തിരുവനന്തപുരം: കാട്ടാക്കടയിൽ വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. കുളത്തോട്ടുമലയിലെ വൃദ്ധസദനത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പരുത്തിപള്ളിയിൽ നിന്നും എത്തിയ ആർആർ ടി ടീം മുള്ളൻ പന്നിയെ പിടികൂടി.
വൃദ്ധ സദനത്തിൽ ഉപയോഗ ശൂന്യമായി കിടന്ന ജലസംഭരണിയിലായിരുന്നു മുള്ളൻപന്നി ചാടിയത്. അന്തേവാസികളാണ് ഇത് ആദ്യം കണ്ടത്. ഉടനെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പരുത്തിപ്പള്ളി ഫോറസ്റ്റ് ബീറ്റ് ഓഫീസറും ആർ ആർ ടി അംഗവും ആയ രോഷ്‌നി ജി എസ്സ് ,ശരത്,നിഷാദ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ ഇരുമ്പ് വലയിൽ കയറ്റി ജലസംഭരണിയിൽ നിന്നും പുറത്തെത്തിച്ചത്.ഇതിനെ പിന്നീട് വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ഇതിനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അടുത്തിടെയായി കാട്ടാക്കട, മലയിൻകീഴ്, കുറ്റിച്ചൽ പ്രദേശങ്ങളിൽ മുള്ളൻ പന്നിയുടെ സാന്നിദ്ധ്യം വർദ്ധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ കഠിനംകുളം ഗവ എൽ.പി സ്‌കൂളിൽ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നിയെ പിടികൂടിയിരുന്നു.
Discussion about this post