ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലും ഓണലൈൻ സിനിമാ ഗ്രൂപ്പുകളിലും ചൂടൻ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ദ് കേരള സ്റ്റോറി‘ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ട്രെയിലർ. ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 5.4 മില്ല്യൺ പേരാണ് ഇത് യൂട്യൂബിൽ കണ്ടിരിക്കുന്നത്. ട്രെയിലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സുദീപ്തോ സെൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം മെയ് 5ന് തിയേറ്ററുകളിൽ എത്തും. കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ഇറാഖിലും സിറിയയിലും എത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ട്. ആദ ശർമയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഒടുവിൽ അഫ്ഗാൻ ജയിലിൽ എത്തപ്പെട്ട ഫാത്തിമ ബാ എന്ന മലയാളി ഹിന്ദു നഴ്സിനെ കേന്ദ്രീകരിച്ചാണ് ‘ദ് കേരള സ്റ്റോറി‘യുടെ കഥ ഇതൾ വിരിയുന്നത്. കേരളത്തിൽ നിന്നും കാണാതായ മുപ്പത്തിരണ്ടായിരം ഹിന്ദു- ക്രിസ്ത്യൻ യുവതീ യുവാക്കൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി ഇറാഖിലും സിറിയയിലും ഉണ്ടെന്ന് ഫാത്തിമ വെളിപ്പെടുത്തുന്നതോടെ കഥ മുന്നേറുന്നു.
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുന്നതിന് വേണ്ടി മതമൗലികവാദികൾ മുപ്പത്തിരണ്ടായിരം ഹിന്ദു- ക്രിസ്ത്യൻ യുവതീ യുവാക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിയതായി സംവിധായകൻ സുദീപ്തോ സെൻ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയുടെയും വി എസ് അച്ചുതാനന്ദന്റെയും പ്രസ്താവനകളും സംവിധായകൻ ഉയർത്തിക്കാട്ടുന്നു.
2016ൽ കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെത്തിയ 21 അംഗ സംഘത്തിലെ നാല് പെൺകുട്ടികളിൽ ഒരാൾ ഹിന്ദു ആയിരുന്നു. ആ പശ്ചാത്തലം സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളതായി നിരൂപകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ‘ദ് കേരള സ്റ്റോറി‘ എന്ന ചിത്രത്തിനെതിരെ രൂക്ഷമായ ആക്രമണങ്ങളുമായി മതമൗലികവാദികളും കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് നേതാക്കളും രംഗത്തുണ്ട്. ചിത്രത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നു.
Discussion about this post