തിരുവനന്തപുരം: പനവൂരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. വെള്ളാഞ്ചിറ ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണ ശ്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് മോഷണ ശ്രമം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ശ്രീകോവിലിന്റെ വാതിലിന് തീയിട്ടാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാവ് നിവേദ്യം തയ്യാറാക്കുന്നതിനായി തീ കത്തിയ്ക്കാൻ സൂക്ഷിച്ചിരുന്ന വിറകുകൾ കൊണ്ടുവന്ന് തീയിടുകയായിരുന്നു. ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകൾക്ക് മുൻപിലാണ് തീയിട്ടിരിക്കുന്നത്. മുന്നിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് മോഷ്ടാവ് വലിച്ചെറിഞ്ഞിട്ടുമുണ്ട്.
രാവിലെ പൂജയ്ക്ക് എത്തിയ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ക്ഷേത്രം അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ ശ്രീകോവിലിന്റെ വാതിലുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. നെടുമങ്ങാട് സി.ഐ. എസ്.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണം പതിവാണെന്നാണ് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നത്. അതു മാത്രമല്ല ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും തന്നെ മോഷണം പോയിട്ടുമില്ല. ഇതാണ് സാമൂഹ്യവിരുദ്ധരിലേക്ക് വിരൽ ചൂണ്ടുന്നത്.
Discussion about this post