ഇടുക്കി: വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടെ അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടതും, മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ ചക്കക്കൊമ്പന്റേതാണെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നു എന്ന തരത്തിലായിരുന്നു ഇതുവരെ വാർത്തകൾ പ്രചരിച്ചിരുന്നത്.
ആനക്കൂട്ടത്തിനൊപ്പമുള്ളത് അരിക്കൊമ്പനല്ലെന്നും, ചക്കക്കൊമ്പനാണെന്നും അൽപ്പസമയം മുൻപാണ് വനംവകുപ്പ് വ്യക്തമാക്കിയത്. പ്രദേശത്തുള്ള പ്രധാനപ്പെട്ട ആനകളെ എല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പനെ ഇനിയും കണ്ടെത്താനായിട്ടില്ല. 301 കോളനിക്ക് സമീപത്ത് വച്ച് ഇന്നലെയാണ് അരിക്കൊമ്പനെ അവസാനമായി ആളുകൾ കണ്ടിട്ടുള്ളത്. 301 കോളനിക്ക് സമീപം നിലവിൽ ഒരു ആനക്കൂട്ടം എത്തിയിട്ടുണ്ട്. എന്നാൽ അരിക്കൊമ്പൻ ഈ കൂട്ടത്തിൽ ഉണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥർ മേഖലയിലെല്ലാം വ്യാപകമായ രീതിയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
അരിക്കൊമ്പനെ ഇന്ന് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, വനം വകുപ്പ് ജീവനക്കാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ നേരിട്ട് പങ്കെടുക്കുന്നത്.
Discussion about this post