മലപ്പുറം : രണ്ട് സ്‌കൂളുകളിലെ ഏഴ് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ അദ്ധ്യാപകന് കഠിന തടവും പിഴയും. ഹയർസെക്കൻഡറി അദ്ധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിന് (50) 29 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനിൽകുമാർ വിധിച്ചത്. രണ്ട് കേസുകളിലായാണ് വിധി.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസെടുക്കുന്നതിനിടെ ശരീരത്തിൽ പിടിച്ചും ഉരസിയും അതിക്രമം നടത്തി എന്നാണ് പരാതി.
ഒരു കേസിൽ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2, 6 വർഷങ്ങളിലായി ആകെ 13 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്ന്, രണ്ട് , മൂന്ന് വർഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസിൽ 16 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടച്ചാൽ തുക ഇരകളായ കുട്ടികൾക്ക് നൽകും.
രണ്ട് കേസുകളിലും സ്‌പെഷ്യൽ പബ്ലിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് മാറ്റും.
Discussion about this post