കാസർകോട്: കാസർകോട് ജില്ലാ ജനറൽ ആശുപത്രിയിൽ ഒരു മാസത്തിലധികമായി കേടായി കിടക്കുന്ന ലിഫ്റ്റ് നന്നാക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. ചികിത്സയിലിരിക്കെ മരിച്ച ഒരു രോഗിയുടെ മൃതദേഹം താഴെയെത്തിക്കാൻ പോലും ബിഎംഎസ് തൊഴിലാളികളാണ് സൗജന്യ സേവനം നൽകിയത്.
ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ചുമട്ടു തൊഴിലാളികൾ ചുമന്ന് താഴെയിറക്കിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ മരിച്ച മറ്റൊരാളുടെ മൃതദേഹവും ബിഎംഎസ് തൊഴിലാളികൾ ഇതുപോലെ ചുമന്ന് താഴെയെത്തിച്ചു നൽകുകയായിരുന്നു. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇവരുടെ സേവനവും ഇതിന് ലഭ്യമാകാറില്ല.
കഴിഞ്ഞ ദിവസം ഒരു രോഗിയെ ആംബുലൻസിലേക്ക് മാറ്റാൻ സ്ട്രക്ചറിൽ ബിഎംഎസ് തൊഴിലാളികൾ എടുത്തുകൊണ്ടു പടികൾ ഇറങ്ങുന്നത് കേരളത്തിൽ ചർച്ചയായിരുന്നു. ഇതിന് ശേഷം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി പുതിയ ലിഫ്റ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞ് മടങ്ങുക മാത്രമാണ് ചെയ്തത്. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ ഏഴ് നിലകൾ ഉളള ആശുപത്രിയിൽ രോഗികൾ ലിഫ്റ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്.
15 വർഷം പഴക്കമുളളതാണ് ഇവിടുത്തെ ലിഫ്റ്റ്. അത് നന്നാക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ സ്ട്രക്ചറിലോ വീൽചെയറിലോ തളളിക്കൊണ്ട് ഇറക്കാനോ മുകൾ നിലയിലെത്തിക്കാനോ കഴിയുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പോലും റാമ്പ് പോലുളള സൗകര്യങ്ങൾ നിർബന്ധിതമായി ഏർപ്പെടുത്തുമ്പോഴാണ് ഇവിടെ ജില്ലാ ജനറൽ ആശുപത്രി ഇതൊന്നുമില്ലാതെ പരിമിതികളിൽ വീർപ്പുമുട്ടുന്നത്.
രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആശുപത്രിയിൽ ബിഎംഎസിന്റെ മസ്ദൂർ സേവാ ട്രസ്റ്റ് സൗജന്യ സേവനം ഏർപ്പെടുത്തിയിരുന്നു. ആറ് ബിഎംഎസ് തൊഴിലാളികളാണ് രോഗികളെ മുകൾ നിലയിൽ എത്തിക്കാനും തിരിച്ചിറക്കാനും സേവന നിരതരായിട്ടുളളത്.
Discussion about this post