ന്യൂഡൽഹി: ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷന്റെ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ. എല്ലാവർക്കും സ്വീകാര്യമായ വികസനത്തിന്റെ പുതിയ പാതയിലൂടെ മുന്നോട്ട് നീങ്ങും. ഭീകരവാദം എന്ന ഭീഷണിക്കെതിരെ ഒരുമിച്ച് പോരാടുമെന്നും ദക്ഷിണ- മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ ശാശ്വത സമാധാനമാണ് ലക്ഷ്യമെന്നും യോഗത്തിൽ അംഗരാജ്യങ്ങൾ അഭിപ്രായപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ അദ്ധ്യക്ഷതയിലായിരുന്നു ഇത്തവണ ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷന്റെ പ്രതിരോധ മന്ത്രിതല ഉച്ചകോടി നടന്നത്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന് പുറമേ ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലീ ഷാംഗ്ഫു, റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയിഗു, ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ ഖരേയ് അഷ്ടിയാനി, ബലാറസ് പ്രതിരോധ മന്ത്രി ലെഫ്റ്റ്നന്റ് ജനറൽ ഖ്രെനിൻ വി ജി, കസാഖ്സ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ റുസ്ലാൻ ഷാസിലികോവ്, ഉസ്ബെക്കിസ്ഥാൻ പ്രതിരോധ മന്ത്രി ലെഫ്റ്റ്നന്റ് ജനറൽ ബഖോദിർ കുർബനോവ്, കിർഗിസ്ഥാൻ പ്രതിരോധ മന്ത്രി ലെഫ്റ്റ്നന്റ് ജനറൽ ബെകാബൊലോട്ടോവ് ബക്തിബെക്ക് അസാങ്കല്യെവിച്ച്, താജിക്കിസ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ ഷെറാലി മിർസോ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.
പാകിസ്താൻ പ്രതിനിധിയായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മുഖ്യ ഉപദേഷ്ടാവ് മാലിക് അഹമ്മദ് ഖാൻ ഉച്ചകോടിയിൽ പങ്കെടുത്തു.
ഒരു രാജ്യം ഭീകരതയ്ക്ക് താവളമൊരുക്കിയാൽ അത് മറ്റ് രാജ്യങ്ങൾക്ക് മാത്രമല്ല, ആ രാജ്യത്തിന് തന്നെയും ഭീഷണിയാണ്. യുവാക്കൾ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നത് സുരക്ഷാ ഭീഷണി മാത്രമല്ല, ഒരു സമൂഹത്തിന്റെ ആകെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് തടസമാണ്. എസ് സി ഒയെ കൂടുതൽ ശക്തവും വിശ്വസനീയവുമായ ഒരു സഖ്യമാക്കി മാറ്റണമെങ്കിൽ ഭീകരവാദത്തെ നേരിടുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പരസ്പര സഹകരണത്തിലൂടെയും ബഹുമാനത്തിലൂടെയും വിശ്വാസത്തിലൂടെയും മേഖലയിൽ വികസനത്തിന്റെ ഒരു പുതിയ പ്രയാണം ആരംഭിക്കേണ്ടത് കൂട്ടായ്മയുടെ ധാർമികമായ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷനെ ശക്തമായ ഒരു സംഘടനയാക്കി മാറ്റേണ്ടത് അത്യാവശ്യമാണെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം അനിവാര്യമാണെന്നതാണ് ഇന്ത്യയുടെ താത്പര്യമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post