ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. രാവിലെ 8 മണിക്ക് തന്നെ ഇന്നലെ രാത്രിയോടെ താത്കാലികമായി നിർത്തിവച്ച ദൗത്യം പുനരാരംഭിക്കും. ഇന്ന് നടന്നില്ലെങ്കിൽ മറ്റെന്നാളും ശ്രമിക്കാനാണ് വനംവകുപ്പിന്റെ ഉറച്ച തീരുമാനം.
നിലവിൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിലാണെന്നാണ് നിഗമനം. ഇവിടെ നിന്നും അരിക്കൊമ്പനെ കണ്ടതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിൽ ചക്കകൊമ്പനുമായി ഏറ്റുമുട്ടിയതിന് ശേഷം അരിക്കൊമ്പൻ മലകയറി എന്നാണ് വനംവകുപ്പ് പറയുന്നത്. ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് ആനയിറങ്കലിലേക്ക് കൊമ്പനെ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം.
വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്‌നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്ന കാര്യം വനം വകുപ്പ് വളരെ രഹസ്യമായി വച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post