അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഹുൽ ഇരിക്കുന്ന സ്ഥാനം മറക്കരുത്, പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഉത്തരവാദിത്ത ബോധം കാണിക്കണമെന്ന് കോടതി വ്യക്തമാക്കി.
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കവെ ജസ്റ്റിസ് ഹേമന്ദ് പ്രചഛക് ആണ് രാഹുലിനെ കടമകൾ ഓർമ്മിപ്പിച്ചത്. രാഹുലിന്റെ അപ്പീലിൽ മറുപടി നൽകാൻ എതിർ കക്ഷിയായ പൂർണേഷ് മോദിക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു. കേസിൽ ഇന്നത്തെ നടപടികൾ അവസാനിപ്പിച്ച കോടതി, മെയ് 2ന് നടപടികൾ പുനരാരംഭിക്കുമെന്നും അറിയിച്ചു.
പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ച കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ സെഷൻസ് കോടതിയും വിസമ്മതിച്ചതോടെയാണ് രാഹുൽ ഹൈക്കോടതി കയറിയത്. എം പി സ്ഥാനം നഷ്ടമായതോടെ രാഹുലിന് ഔദ്യോഗിക വസതിയും നഷ്ടമായിരുന്നു.
Discussion about this post