തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം. ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുള്ളത്. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ് , മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്നും നാളെയും ഇത് തുടരും. അതിനാൽ നിർദ്ദേശം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ശക്തമായ കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കടൽ തീരങ്ങളിൽ താമസിക്കേണ്ടവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇവർ അധികൃതരുടെ നിർദ്ദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ഇതിന് പുറമേ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടി സൂക്ഷിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post