ബംഗലൂരു: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ഹമ്നാബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
കോൺഗ്രസ് തന്നെ ഇതുവരെ അധിക്ഷേപിച്ചത് 91 തവണയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കലും താൻ അതിന് മറുപടി പറയാൻ പോയിട്ടില്ല. ഓരോ തവണയും അവർക്ക് മറുപടി നൽകിയത് ജനങ്ങളായിരുന്നു. ഇത്തവണയും ആ നിയോഗം ജനങ്ങൾ നിറവേറ്റട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ അധിക്ഷേപ സംസ്കാരത്തിന് തന്നെ തടയാൻ കഴിയില്ല. അവർ അധിക്ഷേപം തുടരട്ടെ. കർണാടകയിലെയും രാജ്യത്ത് എല്ലായിടങ്ങളിലെയും ജനങ്ങൾക്ക് വേണ്ടി താൻ കഠിനാദ്ധ്വാനം തുടരും. മറ്റുള്ളവരെ ആക്ഷേപിച്ചും മലർന്ന് കിടന്ന് തുപ്പിയും സമയം കളയുന്നതിന് പകരം ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന്റെ തകർച്ച ഇത്രത്തോളം ദയനീയമാകുമായിരുന്നില്ല എന്നും പ്രധാനമന്ത്രി പരിഹസിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാരഥന്മാരായ ബാബാസാഹബ് അംബേദ്കറെയും സവർക്കറെയും കോൺഗ്രസ് അധിക്ഷേപിച്ചിട്ടുണ്ട്. അതിനുള്ള മറുപടികളാണ് കാലം അവർക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിദ്വേഷ പരാമർശം. ‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ഖാർഗെ രംഗത്ത് വന്നിരുന്നു.
Discussion about this post