കോഴിക്കോട്: വടകരയിൽ ക്ഷേത്രത്തിൽ വൻ കവർച്ച. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ മോഷണം പോയി. കോട്ടപ്പള്ളി സുബ്രമഹ്ണ്യ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്വർണ കിരീടം, മാല, സുബ്രഹ്‌മണ്യന്റെ വേൽ, 10000 രൂപ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഇതിന് പുറമേ ഭണ്ഡാരം തകർത്ത് ഇതിലുണ്ടായിരുന്ന പണവും കവർന്നിട്ടുണ്ട്. മറ്റൊരു ഭണ്ഡാരം തകർന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇത് ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ സാമൂഹ്യവിരുദ്ധരോ ആകാം മോഷണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.
ക്ഷേത്രത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മോഷ്ടാവിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post