കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത് 100 ാമത് എപ്പിസോഡ് ആഘോഷമാക്കി കേരളം. വിവിധ ജില്ലകളിൽ പൊതുവേദികളിൽ ആയിരങ്ങളാണ് പ്രധാനമന്ത്രിയെ ശ്രവിച്ചത്. എല്ലാ ജില്ലകളിലും ബൂത്ത് തലങ്ങളിൽ ബിജെപി ഇതിനായി പ്രത്യേക വേദികൾ ഒരുക്കിയിരുന്നു.
പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ മണ്ഡലം ഗണേഷ്ഗിരി ബൂത്ത് 161 ലെ കാര്യകർത്താക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൻ കി ബാത് ശ്രവിച്ചത്. ഇടയ്ക്ക വാദകനായ ഞെരളത്ത് ഹരിഗോവിന്ദൻ ഉൾപ്പെടെയുളളവർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനൊപ്പം പ്രധാനമന്ത്രിയെ ശ്രവിക്കാൻ എത്തിയിരുന്നു.
മൻ കി ബാത് 100 ാം എപ്പിസോഡ് എന്നെഴുതിയ വലിയ കേക്ക് മുറിച്ചാണ് ഇവിടെ പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാലൻ , ഷൊർണൂർ മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ എന്നിവരും പങ്കെടുത്തു
കൊല്ലത്ത് അമൃതപുരി ആശ്രമത്തിലും പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടി കേൾക്കാൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശൻ, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ് പ്രശാന്ത് എന്നിവരും ഇവിടെ സന്നിഹിതരായിരുന്നു.
മലപ്പുറം മണ്ഡലം ബൂത്ത് 88 ലെ’ മാഅദിൻ’ അക്കാദമിയിലെ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമൊപ്പമാണ് ജില്ലാ അധ്യക്ഷൻ രവി തേലത്ത് മൻ കി ബാത് ശ്രവിച്ചത്. മറ്റ് കാര്യകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു. നൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പ്രധാനമന്ത്രിയെ കേൾക്കാനായി എത്തിയിരുന്നു.
കണ്ണൂർ പളളിക്കുന്ന് മാധവിലാസം യുപി സ്‌കൂളിൽ നടന്ന പരിപാടി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് നാലാം വാർഡ് കൗൺസിലർ വി.കെ ഷൈജു അധ്യക്ഷത വഹിച്ചു. ഒ.കെ സന്തോഷ് കുമാർ സ്വാഗതവും ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി മഹേഷ് നന്ദിയും പറഞ്ഞു. അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികളും ഇവിടെ സംഘടിപ്പിച്ചിരുന്നു.
Discussion about this post