തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത് പശ്ചിമബംഗാളിൽ. ഏപ്രിൽ 22 ന് രാത്രിയാണ് വെങ്ങല്ലൂർ സ്വദേശിനിയായ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ തൊടുപുഴ പോലീസിൽ പരാതി നൽകുന്നത്. തൊടുപുഴ എസ്‌ഐ ജി അജയകുമാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മൊബൈൽ ഉണ്ടായിരുന്നെങ്കിലും ഇത് ഉപേക്ഷിച്ചാണ് പെൺകുട്ടി നാടുവിട്ടത്. അതുകൊണ്ടു തന്നെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണ സാദ്ധ്യതകൾ അസ്തമിച്ചു. എന്നാൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഒരു നമ്പരിൽ നിന്ന് സ്ഥിരമായി കോളുകൾ വന്നിരുന്നത് ശ്രദ്ധയിൽപെട്ടു. ഇതാണ് വഴിത്തിരിവായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ അതിഥി തൊഴിലാളി സുഹൈൽ ഷെയ്ഖിന്റെ നമ്പർ ആണെന്ന് മനസിലാക്കി. 23 ന് പുലർച്ചെ പെരുമ്പാവൂരിൽ വെച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. പോലീസ് ഇയാളുടെ തൊടുപുഴയിലെ താമസ സ്ഥലത്തെത്തി ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്നാണ് ഇയാളുടെ വീട്ടിലേക്ക് പോയി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ബംഗാളിൽ ദോംഗൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ മൂർഷിദാബാദിലെത്തിയ കേരള പോലീസ് സംഘം അവിടുത്തെ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയും പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയുമായിരുന്നു. പെൺകുട്ടി ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നു. സുഹൈലിന്റെ സഹോദരിയെ ബംഗ്ലാദേശിലേക്കാണ് വിവാഹം ചെയ്ത് അയച്ചത്. താമസിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ ഒരു പക്ഷെ ബംഗ്ലാദേശിലേക്ക് കടത്താനുളള സാദ്ധ്യതയുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് മുർഷിദാബാദ്. 23 വയസാണ് സുഹൈലിന് പ്രായമെന്നും ഇയാൾ വേറെ കല്യാണം കഴിഞ്ഞ് കുട്ടിയും കുടുംബവും ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ ഇത് പെൺകുട്ടിയിൽ നിന്ന് മറച്ചുവെച്ചു. ജോലിക്ക് വന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പെൺകുട്ടിയെ കാണുന്നത്. മൊബൈൽ വഴിയാണ് സൗഹൃദം സ്ഥാപിച്ചത്. കുട്ടിക്ക് ബംഗാളി ഭാഷ വശമില്ലായിരുന്നുവെങ്കിലും അറിയാവുന്ന ഹിന്ദിയിൽ സുഹൈലുമായി സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എസ്‌ഐ അജയകുമാറിനെ കൂടാതെ ഗ്രേഡ് എസ്‌ഐ പികെ സലീം ഓഫീസർമാരായ വിജയാനന്ദ് സോമൻ, ഹരീഷ് ബാബു, നീതു കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്.
Discussion about this post