ഛണ്ഡീഗഡ്; ഡ്രോൺ വഴി ലഹരി കടത്താനുള്ള പാകിസ്താന്റെ ശ്രമം തകർത്ത് ബിഎസ്എഫ്. കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഫിറോസ്പൂരിലെ സേത വാല ഗ്രാമത്തിലാണ് ലഹരിയുമായി ഡ്രോൺ എത്തിയത്. അതിർത്തിയിൽ രാത്രി പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ മൂളൽ ശബ്ദം കേട്ടു. ശബ്ദം കേട്ടഭാഗത്ത് ലൈറ്റുകൾ തെളിയുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇത് കൂടുതൽ അടുത്തെത്തിയതോടെ ഡ്രോൺ ആണെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ വെടിവച്ച് വീഴ്ത്താൻ ശ്രമിച്ചു. എന്നാൽ ഉടനെ ഇത് പാകിസ്താൻ ഭാഗത്തേക്ക് പോകുകയായിരുന്നു. ആയുധമോ ലഹരിവസ്തുവോ ആയി എത്തിയ ഡ്രോൺ ആണെന്ന നിഗമനത്തിൽ ബിഎസ്എഫ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഹെറോയിൻ പിടിച്ചെടുത്തത്.
ഹെറോയിന് രണ്ടര കിലോയോളം തൂക്കം ഉണ്ടായിരുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനൊപ്പം ബാറ്ററിയും എൽഇഡി ബൾബുകളും ഉണ്ടായിരുന്നു. മൂന്ന് പാക്കറ്റുകളിലായാണ് ഹെറോയിൻ ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്. ഡ്രോൺ ഇനിയും എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post