ബംഗളൂരു : കേരളത്തിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് പിഡിപി നേതാവ് അബ്ദുൾ നാസർ മദനി. സംസ്ഥാനത്തേക്ക് വരണമെങ്കിൽ കർണാടക സർക്കാരിന് സുരക്ഷാ ചെലവ് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് മദനി കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. കർണാടക സർക്കാരിന് കൊടുക്കാൻ അത്രയും ഭീമമായ തുക തന്റെ കൈയ്യിൽ ഇല്ലെന്നും മദനി വ്യക്തമാക്കി.
നാട്ടിലേക്ക് പോകുന്നതിന് ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് അനീതിയാണ്. ഈ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും മദനിയുടെ കുടുംബം പറഞ്ഞു.
നേരത്തെ കേരളത്തിലേ പോകാൻ മദനിക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കർണാടക പോലീസ് സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിന് ആവശ്യമായ തുക മദനിയിൽ നിന്ന് തന്നെ ഈടാക്കാമെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സുരക്ഷാ ചെലവുകൾക്കായി പ്രതിമാസം 20 ലക്ഷം രൂപ കർണാടക പോലീസ് ആവശ്യപ്പെട്ടത്.
മദനിക്ക് കേരളത്തിൽ നിൽക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരെ മദനി ഹർജി നൽകിയെങ്കിലും സുരക്ഷാ സജ്ജീകരണത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി തള്ളിയത്.
Discussion about this post