ന്യൂഡൽഹി: രാജ്യത്താകമാനം ചർച്ചയായ ‘ദി കേരള സ്റ്റോറിയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷായാണ് ഈ വിവരം അറിയിച്ചത്.
ചിത്രത്തിലെ പത്ത് രംഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.തീവ്രവാദികൾക്കുള്ള ധനസഹായം പാകിസ്താൻ വഴി അമേരിക്കയും നൽകുന്നു. ഹിന്ദുക്കളുടെ ആചാരങ്ങൾ തുടരാൻ കമ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങളാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസരവാദിയാണ് എന്ന പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് എന്നതിൽ ഇന്ത്യൻ എന്നത് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമർശിക്കുന്ന മുൻമുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെൻസർ ബോർഡ് പറഞ്ഞു.ഈ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ ഭാഗമിതാണ്.
അതേസമയം ചിത്രത്തിനെതിരായി സംസ്ഥാനത്തെ പല കോണുകളിൽ നിന്നും വിമർശനം ഉയരുകയാണ്. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്നതാണ് ഇത്രയേറെ വിമർശങ്ങൾ ഉയരാൻ കാരണം.
Discussion about this post