കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാൽ എക്‌സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്ന് കോടതി പറഞ്ഞു. സ്റ്റോപ്പുകൾ സംബന്ധിച്ച് റെയിൽവേയാണ് അന്തിമ തീരുമാനം എടുക്കണ്ടേതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയാണ് തള്ളിയത്.
അതേസമയം വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. തിരുനാവായ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പോലീസും തിരൂർ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലേറിൽ ട്രെയിനിന്റെ ജനൽച്ചില്ലിൽ ചെറിയ വിള്ളലുണ്ടായി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് കല്ലേറുണ്ടായത്. വിള്ളലുണ്ടായ ഭാഗം ഇൻസുലേഷൻ ടേപ്പുകൊണ്ട് ഒട്ടിച്ച ശേഷമാണ് യാത്ര തുടർന്നത്. ട്രെയിൻ തിരൂർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ കല്ലേറുണ്ടായി എന്നാണ് യാത്രക്കാർ പറയുന്നത്.
Discussion about this post