കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ വന്ന യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാഹനം വെട്ടിച്ചു കടന്നു. പക്ഷെ യുവാവിനെ തന്ത്രപൂർവ്വം കുടുക്കിയ എംവിഡി ശിക്ഷയായി പിഴയും കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും വിധിച്ചു.
വാഹനം ഓടിച്ച യുവാവിന് ലൈസൻസില്ലായിരുന്നു. ഇതിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും നൽകി. ഇതിന് പുറമേ വാഹനം നിർത്താതെ പോയതിന് 1000 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയും പിഴ നൽകണം.
മോട്ടോർ വാഹന വകുപ്പ് തന്നെയാണ് സംഭവത്തിന്റെ വീഡിയോ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. കുറ്റകൃത്യം ആവർത്തിക്കാതിരിക്കാനും സാമൂഹ്യസേവനത്തെക്കുറിച്ച് മനസിലാക്കാനുമാണ് ചില കേസുകളിൽ ഇത്തരം സന്നദ്ധസേവനം ഉൾപ്പെടെ ശിക്ഷ വിധിക്കുന്നത്.
Discussion about this post