തിരുവനന്തപുരം: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയതിന് ശേഷമായിരിക്കും ഇടയ്ക്കുള്ള സ്‌റ്റേഷനുകളിൽ നിർത്തിയിടുന്നത് ഉൾപ്പെടെയുള്ള സമയം പുന:ക്രമീകരിക്കുന്നത്. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിലധികം നിർത്തിയിടേണ്ടി വരുന്നതും, ട്രാക്ക് നവീകരണത്തിന്റെ ഭാഗമായുള്ള വേഗനിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവുമെല്ലാം വന്ദേഭാരതിന്റെ കൃത്യസമയം പാലിച്ചുള്ള ഓട്ടത്തെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമയക്രമം പുന:പരിശോധിക്കാൻ തീരുമാനിച്ചത്.
രണ്ട് മിനിറ്റ് സ്‌റ്റോപ്പുള്ള സ്റ്റേഷനുകളിൽ അഞ്ച് മുതൽ 12 മിനിറ്റ് വരെ ട്രെയിൻ നിർത്തിയിടുന്നുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്ത് തന്നെ കാസർകോട് എത്തുന്നുണ്ടെങ്കിലും ഇടയ്ക്കുള്ള പല സ്റ്റേഷനിലും കൃത്യസമയം പാലിക്കാനാകാതെ വരുന്നുണ്ട്. ഓട്ടോമാറ്റിക് ഡോറുകൾ ആളുകൾക്ക് പരിചിതമല്ലാത്തതും ഭക്ഷണം ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നതും ട്രെയിൻ വൈകാൻ കാരണമാകുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് കൂടുതൽ സമയം എടുക്കുന്നത്. ട്രാക്ക് നവീകരണത്തിന്റെ ഭാഗമായുള്ള വേഗനിയന്ത്രണങ്ങൾ കാരണമാണ് ഇവിടെ കൂടുതൽ സമയം പോകുന്നത്. ഇരുദിശകളിലുമായി 34 വേഗനിയന്ത്രണങ്ങളാണ് ഉള്ളത്.
എറണാകുളം യാർഡിന്റെ അടുത്ത് രണ്ട് കിലോമീറ്ററോളം ദൂരം വേഗം നിയന്ത്രിക്കേണ്ടി വരുന്നുണ്ട്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് സ്റ്റേഷനുകളിൽ താമസിച്ചെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സമയക്രമത്തിലും മാറ്റം വരുത്താനൊരുങ്ങുന്നത്.
Discussion about this post