കുമളി; അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്‌നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നുവെന്നാണ് സൂചന. ഇന്നലെ പുലർച്ചെ മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിയിരുന്നില്ല. പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് ഇന്ന് രാവിലെ കിട്ടിയത്.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്ന് വിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലിന് ശേഷമാണ് സിഗ്‌നലുകൾ കിട്ടുന്നത് അവസാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കാനായി വനംവകുപ്പ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും, അവർക്കും അരിക്കൊമ്പൻ എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ആന ചോലവനത്തിനുള്ളിൽ ആയതിനാലാകാം സിഗ്‌നലുകൾ ലഭിക്കാത്തത് എന്നാണ് സൂചന. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകും. മോശം കാലാവസ്ഥ ആണെങ്കിലും സമാന സാഹചര്യം ഉണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post