തിരുവനന്തപുരം: പിക്ക് അപ് വാനിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തയാൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് പിഴയൊടുക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. അതേസമയം പിഴ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബഷീർ പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഫോണിലേക്ക് മോട്ടോർവാഹന വകുപ്പിന്റെ സന്ദേശം എത്തിയത്. ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിയ്ക്കുന്ന ചിത്രവും സന്ദേശത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ലിങ്ക് തുറന്ന് നോക്കി. ഇതോടെയാണ് KL02BD5318 എന്നത് തന്റെ പിക് അപ്പ് വാനിന്റെ നമ്പറാണെന്ന് വ്യക്തമായത്. തുടർന്ന് ചിത്രം ഒന്നു കൂടി പരിശോധിച്ചു. ചിത്രത്തിലാകട്ടേ രജിസ്റ്റർ നമ്പർ പോലും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് പിഴയൊടുക്കില്ലെന്ന് ബഷീർ നിലപാട് എടുത്തത്.
കാല്ലം മൈലക്കാട് കണ്ണനല്ലൂരിൽ സ്ഥാപിച്ചിട്ടുള്ള എംവിഡി ക്യാമറയിലാണ് ബൈക്കിന്റെ ചിത്രം പതിഞ്ഞിരിക്കുന്നത് . ആറ്റിങ്ങൽ ഓഫീസിൽ പിഴയൊടുക്കാൻ ആയിരുന്നു സന്ദേശത്തിലെ നിർദ്ദേശം.
നേരത്തെ ഹെൽമറ്റില്ലാത്തതിന്റെ പേരിൽ കാറുടമയായ ആലപ്പുഴ സ്വദേശിയ്ക്കും പിഴയൊടുക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു.
Discussion about this post