കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ജസ്റ്റിസ് എ.കെ.ജയശങ്കരനാണ് ദൗത്യസംഘാംഗങ്ങൾക്ക് നന്ദിയറിയിച്ച് കത്ത് നൽകിയത്. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് ഹൈക്കോടതിയുടെ കത്തിൽ പറയുന്നു.
ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേ എന്ന കാര്യവും കോടതി ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനംവകുപ്പ് മറുപടി നൽകി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. റേഡിയോ കോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് മറുപടിയായി പറഞ്ഞു.
അതേസമയം ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്റെ മിനുട്‌സ് നൽകിയില്ലെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി, അരിക്കൊമ്പനെ ഡീൽ ചെയ്തു പിന്നെയാണോ പഞ്ചായത്ത് പ്രസിഡന്റ് എന്നും പരിഹസിച്ചു. ജനങ്ങളുടെ പ്രശ്‌നം അറിയിക്കാൻ കൂടിയാണ് പ്രസിഡന്റ്. രാഷ്ട്രീയം കളിക്കുന്നതിനോട് കോടതിക്ക് യോജിപ്പില്ല. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. മൃഗങ്ങളെക്കാൾ അപകടകാരി മനുഷ്യരാണെന്നും പ്രസിഡന്റിനെതിരായ വിമർശനത്തിൽ കോടതി പറഞ്ഞു.
Discussion about this post