കൊച്ചി : ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ച കുറവെന്ന് റിപ്പോർട്ട്. കാട്ടാനയുടെ വലത് കണ്ണിനാണ് കാഴ്ച കുറവ്. ആനയുടെ തുമ്പികൈക്കും പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ളതാണെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അരിക്കൊമ്പന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.
പിടികൂടുന്നതിന് മുൻപ് ചക്കക്കൊമ്പനുമായി നടത്തിയ സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് കരുതുന്നത്. മുറിവുകളിൽ മരുന്നുവെച്ചാണ് പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതിനാൽ സഞ്ചരിക്കുന്ന പാത നിരീക്ഷിച്ചുവരികയാണ്. അരിക്കൊമ്പൻ നിലവിൽ മാവടി-മുല്ലക്കൊടി പ്രദേശത്താണ് ഉള്ളതെന്നാണ് വിവരം.
Discussion about this post