മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ യുക്രെയ്‌ന് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം കനക്കുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ ഉന്മൂലനം ചെയ്യണമെന്നാണ് റഷ്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ഇതല്ലാതെ വേറെ വഴിയില്ലെന്നും റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് പറഞ്ഞു
സെലെൻസ്‌കിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഉന്മൂലനം ചെയ്യുകയല്ലാതെ മോസ്‌കോയ്ക്ക് മറ്റ് മാർഗമില്ലെന്നാണ് ദിമിത്രി മെദ്വദേവ് പറഞ്ഞത്. അദ്ദേഹത്തിന്റെ ടെലിഗ്രാം ചാനലിലൂടെയായിരുന്നു പ്രതികരണം. നിരുപാധികം കീഴടങ്ങി എന്നറിയിച്ചുകൊണ്ട് സെലൻസ്‌കി കരാർ ഒപ്പിടേണ്ട ആവശ്യമില്ല. ഹിറ്റ്‌ലറും അത്തരത്തിൽ ഒരു പത്രത്തിലും ഒപ്പിട്ടിട്ടില്ല. ആർക്കും ഒരു പകരക്കാരൻ ഉണ്ടാകുമെന്നും മെദ്വദേവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ക്രെംലിന് നേരെ ഡ്രോൺ ആക്രമണം നടന്നത്. രണ്ട് ഡ്രോണുകൾ റഷ്യൻ പ്രസിഡന്റിനെ ലക്ഷ്യമിട്ട് എത്തിയെന്നും പ്രതിരോധ സേന അത് വെടിവെച്ചിട്ടെന്നുമാണ് റഷ്യ പറഞ്ഞത്. ഇതിന് പിന്നിൽ യുക്രെയ്ൻ ആണെന്നും ആരോപിച്ചിരുന്നു. ‘
എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കി. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും ഇങ്ങനെ നഷ്ടപ്പെടുത്താൻ തങ്ങളുടെ കൈവശം ആയുധങ്ങൾ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post