എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അതേസമയം ചിത്രത്തിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്തെ 21 തിയറ്ററുകളിലാണ് ആദ്യ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുക. ഇതിനോടകം തന്നെ വലിയ ചർച്ചയായ സിനിമ കാണാൻ ആദ്യ ദിനം തന്നെ നിരവധി പേർ എത്തുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ഇതിനോടകം തന്നെ സിനിമയ്ക്ക് വലിയ പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. സിനിമയുടെ ട്രെയിലറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു.
കേരളത്തിൽ നിന്നും പഠനത്തിനായി മറ്റൊരു സംസ്ഥാനത്ത് എത്തുന്ന പെൺകുട്ടി പിന്നീട് മതപരിവർത്തനത്തിന് ഇരയാകുന്നതും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന പെൺകുട്ടികളുടെ ജീവിതമാണ് ചിത്രം അനാവരണം ചെയ്യുന്നതെന്നാണ് ആദ്യ സൂചനകൾ നൽകുന്ന വിവരം. സുദിപ്‌തോ സെന്നാണ് ചിത്രത്തിന്റെ സംവിധായകൻ.
അതേസമയം ചിത്രത്തിനെതിരെ വ്യാപക എതിർപ്പും ഉയരുന്നുണ്ട്. കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് തടയണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ ഉൾപ്പെടെയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. നേരത്തെ കേസ് കോടതി പരിഗണിച്ചപ്പോൾ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു.
Discussion about this post