മലപ്പുറം: ഗുണ്ടാസംഘം ബന്ദിയാക്കിയ യുവാക്കളെ മോചിപ്പിച്ച് പോലീസ്. കഴിഞ്ഞ ശനിയാഴ്ച മൈസൂരുവിലേക്ക് വിനോദയാത്ര പോയ യുവാക്കളെയാണ് ഗുണ്ടാസംഘം ബന്ദിയാക്കിയത്. കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ.ഷറഫുദ്ദീൻ, പി.വി.സക്കീർ, സി.ഷറഫുദ്ദീൻ, ലബീബ്, പി.കെ.ഫാസിൽ എന്നിവരാണ് ഗുണ്ടാസംഘത്തിന്റെ പിടിയിലായത്.
താമസിക്കാൻ സ്ഥലവും ഭക്ഷണവും ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ ആൾ മൈസൂരു എസ്എസ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ ഇവരെ എത്തിക്കുന്നത്. മുറിയിലെത്തിച്ച ഇയാൾ വാതിൽ പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. പിന്നാലെ മുറിയിലെത്തിയ ഒൻപതംഗ സംഘം ഇവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവുകയും ചെയ്തു.
അവിടെ വച്ച് ഇവർ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചു. യുവാക്കളുടെ കയ്യിൽ നിന്ന് മൊബൈലും പണവുമെല്ലാം അക്രമിസംഘം തട്ടിയെടുത്തിരുന്നു. ഇവരുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി ഗുണ്ടകളുടെ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. ഉടനെ തന്നെ ബന്ധുക്കൾ വിവരം കാളികാവ് പോലീസിനെ അറിയിച്ചു, തുടർന്ന് കർണാടക പോലീസുമായി ബന്ധപ്പെട്ട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
Discussion about this post