കോഴിക്കോട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ബസിൽ കുത്തേറ്റ യുവതി. തനിക്ക് ഒരു കുഞ്ഞുണ്ടെന്നും വിവാഹത്തിന് താത്പര്യമില്ലെന്നും യുവാവിനോട് പല തവണ പറഞ്ഞിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്നും യുവതി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു യുവതിയുടെ പ്രതികരണം.
അടുത്തിടെയാണ് തന്റെ ഭർത്താവ് മരണപ്പെട്ടത്. ഒരു കുഞ്ഞുമുണ്ട്. യുവാവിന് തന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാൽ താൻ ഇത് വിലക്കി. വസ്തുതകൾ യുവാവിനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാഹം ചെയ്യണമെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നു. അയാൾക്കും ഭാര്യയുണ്ടെന്നും യുവതി വ്യക്തമാക്കി.
വിവാഹാഭ്യർത്ഥന നിരസിച്ചതോടെ യുവാവ് ഭീഷണി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയും നൽകിയിരുന്നു. അങ്കമാലിയിൽ നിന്ന് യുവാവിനെ കണ്ടിരുന്നു. ഇയാൾ അറിയാതെയാണ് ബസിൽ കയറിയത്. എന്നാൽ എടപ്പാൾ എത്തിയപ്പോൾ ഇയാളും ബസിൽ കയറി. തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. മറ്റൊരാളുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം എന്നും യുവതി പറഞ്ഞു.
അതേസമയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് വിവരം
Discussion about this post