കൊച്ചി: മലയാള സിനിമാ രംഗത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. മലയാള സിനിമയിലും ലഹരി ഉപയോഗം സജീവമാണെന്ന് കഴിഞ്ഞ ദിവസം നടൻ ടിനി ടോം വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇത് വലിയ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.
ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ച് പരാതിയായി അറിയിക്കാൻ ബുദ്ധിമുട്ടുളളവർക്ക് ഫോണിൽ അറിയിക്കാം. എല്ലാ ഷൂട്ടിങ് സെറ്റുകളിലും മഫ്തി പോലീസിനെയോ ഷാഡോ പോലീസിനെയോ നിയോഗിക്കുമെന്നും ലഹരി ഉപയോഗം ഉണ്ടെങ്കിൽ പിടികൂടുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ചാണ് സിനിമയിൽ ഇത്തരം ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുളള ഷൂട്ടിങ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
യുവാക്കൾ ലഹരി ഉപയോഗത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ടിനി ടോം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ലഹരിക്കടിമപ്പെട്ട ഒരു നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയെന്നും ലഹരി ഉപയോഗത്തിൽ വഴിതെറ്റുമെന്ന് ഭയന്ന് സിനിമയിൽ ചാൻസ് വന്നിട്ടും മകനെ അഭിനയിക്കാൻ വിട്ടില്ലെന്നും ആയിരുന്നു ടിനി ടോമിന്റെ വാക്കുകൾ. ലഹരിക്കെതിരെ കേരള പോലീസിന്റെ യോദ്ധാവ് എന്ന ക്യാമ്പെയ്‌നിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ടിനി ടോം.
Discussion about this post