താനൂർ: താനൂർ ബോട്ടപകടത്തിൽ പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. മുങ്ങൽ വിദഗ്ധരും ഈ കൂട്ടത്തിലുണ്ട്. തെരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്.
അതേസമയം മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. യാത്ര തുടങ്ങിയപ്പോൾ തന്നെ ബോട്ട് ചെരിഞ്ഞ് പോകുന്നു എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് അവഗണിച്ച് ജീവനക്കാർ യാത്ര തുടരുകയായിരുന്നു. അൽപ്പസമയത്തിനകം തന്നെ ബോട്ട് മറിഞ്ഞെന്നും നാട്ടുകാർ പറയുന്നു.
40 പേരാണ് ബോട്ടിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത്. എന്നാൽ ബോട്ടിന്റെ അപകടാവസ്ഥ കണ്ട് ഇതിൽ ചിലർ യാത്രയിൽ നിന്ന് പിന്മാറുകയായിരുന്നു. മരിച്ചവരിൽ പതിനൊന്ന് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ മരിച്ച 22 പേരിൽ ഏഴ് പേർ കുട്ടികളാണ്. ഒൻപത് പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post