താനൂർ: താനൂർ ബോട്ട് അപകടത്തിൽ ഒറ്റ ദിവസം ഇല്ലാതായത് ഒരു കുടുംബത്തിലെ പതിനൊന്ന് പേർ. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും ഇവരുടെ കുട്ടികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പെരുന്നാൾ പ്രമാണിച്ചാണ് കുടുംബവീട്ടിൽ എല്ലാവരും കൂടി ഒത്തുകൂടിയത്.
കുടുംബനാഥൻ കുന്നുമ്മൽ സെയ്തലവി, സഹോദരങ്ങലായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ കുടുംബവും സഹോദരിയുമാണ് കുടുംബവീട്ടിൽ ഒത്ത് ചേർന്നത്. ഞായറാഴ്ച ആയതിനാൽ കുഞ്ഞുങ്ങളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സന്ദർശിക്കാൻ പോകുന്നത്.
മടങ്ങിപ്പോകുന്നതിന് മുൻപ് എല്ലാവരും ഒരുമിച്ചുള്ള ഒരു യാത്ര എന്ന ലക്ഷ്യത്തിലാണ് ഇവര് തീരത്തേക്ക് പോകുന്നത്. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ബോട്ടിൽ കയറരുത് എന്ന് സെയ്തലവി എല്ലാവരോടും നിർദ്ദേശിച്ചിരുന്നു. സെയ്തലവി തന്നെയാണ് ഇവരെ കട്ടാങ്ങലിൽ എത്തിച്ചതും.
വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ അപ്പുറത്ത് നിലവിളിയായിരുന്നു മറുപടി. ബോട്ട് മുങ്ങുകയാണെന്ന് ഭാര്യ അറിയിച്ചപ്പോൾ തരിച്ച് നിൽക്കാൻ മാത്രമേ സെയ്തലവിക്ക് സാധിച്ചുള്ളു. ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയപ്പോൾ സ്വന്തം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്ന കാഴ്ചയാണ് സെയ്തലവി കണ്ടത്. അപകടത്തിൽ സെയ്തവിയുടെ ഭാര്യ സീനത്ത് മക്കളായ ഷംന, ഹസ്‌ന, സഫ്‌ന, കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ മകൻ ജരീർ, കുന്നുമ്മൽ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സെയ്തലവിയുടെ സഹോദരിയും മക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post