കോഴിക്കോട്: ബാലുശ്ശേരിയിൽ കഞ്ചാവ് കേസിലെ പ്രതി എസ്‌ഐയെ ഇടിച്ച് പരിക്കേൽപ്പിച്ചു. കണ്ണൂർ അമ്പായത്തോട് സ്വദേശി അജിത് വർഗീസ് ആണ് എസ്‌കോർട്ടായി പോയ നാദാപുരം കൺട്രോൾ റൂമിലെ എസ്‌ഐ രവീന്ദ്രനെ പരിക്കേൽപ്പിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എകരൂലിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരികയാണ് അജിത് വർഗീസ്. ഇയാൾക്കൊപ്പം കഴിഞ്ഞ ദിവസം കൂട്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വടകര മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ പോകുമ്പോഴായിരുന്നു സംഭവം. രവീന്ദ്രനും ബാലുശ്ശേരി പോലീസും ചേർന്നാണ് പ്രതികളുമായി കോടതിയിൽ എത്തിയത്.
ഹാജരാക്കാൻ പോകുന്നതിനിടെ മൂത്രമൊഴിക്കണമെന്നും കൈ വിലങ്ങ് മാറ്റണമെന്നും അജിത് ആവശ്യപ്പെട്ടു. ഇതിന് തൊട്ട് പിന്നാലെ കൈവിലങ്ങുകൊണ്ട് എസ്‌ഐയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ രവീന്ദ്രന്റെ മുഖത്തും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് മറ്റ് പോലീസുകാർ ഓടിയെത്തിയാണ് അജിതിനെ കീഴക്കിയത്. ഉടനെ തന്നെ രവീന്ദ്രനെ വടകര എസ്‌ഐ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അജിതിനെതിരെ പോലീസ് കേസ് എടുത്തു. വധശ്രമത്തിനാണ് കേസ് എടുത്തത്.
Discussion about this post