മലപ്പുറം : കേരളത്തെ സങ്കടക്കടലിലാഴ്ത്തിയ താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 എന്ന സിനിമയുടെ അണിയറപ്രവർത്തകർ. 2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ഈ സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ബോട്ട് അപകടത്തിൽ ആകെ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്ലഹ് (7) പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(6) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.
പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (7), സഹാറ (8), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവരും നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38) ും അപകടത്തിൽ മരിച്ചിരുന്നു. നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്‌നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര വയസ് എന്നിവരും അപകടത്തിൽ മരിച്ചു.
Discussion about this post